കുഞ്ചാക്കോ ബോബന്റെ ജന്മദിന സമ്മാനമായി രണ്ട് ചിത്രങ്ങളുടെ പോസ്റ്ററുകൾ പുറത്തുവിട്ടു

0
296
44-ാം ജന്മദിനമാഘോഷിക്കുകയാണ് മലയാളത്തിന്റെ സ്വന്തം ‘ചോക്ലേറ്റ് ഹീറോ’ കുഞ്ചാക്കോ ബോബൻ. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധി പേരാണ് താരത്തിന് ജന്മദിനാശംസകൾ‌ നേർന്നിരിക്കുന്നത്. ഈ പിറന്നാൾ ദിനത്തിൽ തന്റെ രണ്ട് ചിത്രങ്ങളുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ആരാധകർക്കായി പങ്കുവച്ചിരിക്കുകയാണ് താരം. മോഹൻകുമാര്‍ ഫാൻസ്, നിഴൽ എന്നി സിനിമകളുടെ പോസ്റ്ററുകളാണ് പുറത്തിറക്കിയിരിക്കുന്നത്.

കുഞ്ചാക്കോ ബോബനും നയൻതാരയും ഒരുമിക്കുന്ന ചിത്രമാണ് “നിഴൽ”. അപ്പു ഭട്ടതിരി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു ത്രില്ലര്‍ ചിത്രമായിരിക്കും ഇതെന്നാണ് സൂചനകൾ. വ്യത്യസ്തലുക്കിൽ മാസ്കണിഞ്ഞാണ് പോസ്റ്ററിൽ കുഞ്ചാക്കോ ബോബനുള്ളത്.ആന്‍റോ ജോസഫ് ഫിലിം കമ്പനിക്കൊപ്പം അഭിജിത് എം പിള്ള, ബാദുഷ, ഫെല്ലിനി ടി.പി, ഗണേഷ് ജോസ്എന്നിവർ ചേർന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. എസ് സഞ്‍ജീവ് ആണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്. ദീപക് ഡി മേനോൻ ഛായാ​ഗ്രഹണവും, സൂരജ് എസ്. കുറുപ്പ് സംഗീതസംവിധാനവും നിർവഹിക്കുന്നു. അപ്പു ഭട്ടതിരിരിയും അരുൺ ലാലുമാണ് എഡിറ്റിംഗ്. അഭിഷേക് എസ് ഭട്ടതിരി  സൗണ്ട് ഡിസൈനിംഗും, മേക്കപ്പ്- റോണക്‌സ് സേവ്യറുമാണ്. നാരായണ ഭട്ടതിരിയാണ് ടൈറ്റിൽ ഡിസൈൻ. ഇതെന്താ സൂപ്പര്‍ ഹീറോ സിനിമയാണോയെന്നൊക്കെയാണ് ആരാധകർ  പോസ്റ്റര്‍ കണ്ട് ചോദിച്ചിരിക്കുന്നത്.

 

വിജയ് സൂപ്പറും പൗര്‍ണ്മിയും എന്ന ചിത്രത്തിന് ശേഷം സംവിധായകൻ ജിസ് ജോയ് ഒരുക്കുന്ന ചിത്രമാണ് “മോഹന്‍കുമാര്‍ ഫാന്‍സ്‌”. പുതുമുഖം അനാർക്കലി നാസറാണ് സിനിമയിൽ നായിക. കൃഷ്ണകുമാർ, ശ്രീനിവാസൻ, സൈജു കുറുപ്പ്, വിനയ് ഫോർട്ട്, ബേസിൽ ജോസഫ്, രമേശ് പിഷാരടി തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. ബോബി- സഞ്ജയ് ആണ് ചിത്രത്തിന് കഥ ഒരുക്കുന്നത്. ബാഹുൽ രമേശാണ് ചിത്രത്തിന്റെ  ഛായാ​ഗ്രഹണം. മാജിക് ഫ്രെയിംസിന്‍റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.