ആരെയും അംബരപ്പിക്കുന്ന പുതിയ സുരക്ഷാ പരീക്ഷണങ്ങളുമായി വാഹന നിര്‍മ്മാതാക്കളായ വോള്‍വോ.വാഹനത്തിന്റെ സുരക്ഷ മാത്രമല്ല,വോള്‍വോ പരീക്ഷിക്കുന്നത് അപകടം സംഭവിച്ചാല്‍ എങ്ങനെ യാത്രക്കാരെ രക്ഷിക്കാം എന്നതുകൂടിയാണ് .ഇതിനായി കോടികള്‍ വിലയുള്ള 10 പുതിയ കാറുകളാണ് കമ്പനി പരീക്ഷണത്തിനായി ഉപയോഗിച്ചത്.30 മീറ്റര്‍ ഉയരമുള്ള ക്രെയിനില്‍നിന്നും ഈ കാറുകളെ താഴേക്കിടുന്നതായിരുന്നു പരീക്ഷണം.
XC40, XC90, V90 എന്നിവയിലാണ് കമ്പനി പരീക്ഷണം നടത്തിയത്.സ്വീഡനിലെ ഗോഥെന്‍ബര്‍ഗില്‍ വോള്‍വോ കാര്‍ സുരക്ഷാ കേന്ദ്രത്തിലായിരുന്നു ഈ ക്രാഷ് പരിശോധന. ഓരോ വാഹനങ്ങളെയും നിരവധി തവണ താഴെയിട്ടായിരുന്നു പരീക്ഷണം. ആദ്യത്തെ വീഴ്ചയില്‍ സംഭവിക്കുന്നത്, ഒന്നിലേറെ തവണ വാഹനം ഇടിക്കുമ്പോഴുള്ള മാറ്റങ്ങള്‍ എന്നിവയെല്ലാം ഇവര്‍ പരിശോധിച്ചു.
പതിവ് ക്രാഷ് ടെസ്റ്റുകളില്‍ അനുകരിക്കാന്‍ കഴിയാത്ത ശക്തികളുടെ സ്വഭാവവും നാശനഷ്ടങ്ങളുടെ വ്യാപ്‍തിയും മനസിലാക്കാന്‍ എഞ്ചിനീയര്‍മാരെയും റെസ്ക്യൂ പ്രൊഫഷണലുകളെയും ഈ പരീക്ഷണം സഹായിക്കും എന്നാണ് കമ്ബനി പറയുന്നത്.ഏതൊരു അപകടത്തിന്റെയും ആദ്യ മണിക്കൂറാണ് ഏറ്റവും പ്രധാനം. ഗുരുതരമായി പരിക്കേറ്റയാളെ പെട്ടെന്ന് ആശുപത്രിയില്‍ എത്തിച്ചാല്‍ മാത്രമേ അവരുടെ ജീവന്‍ രക്ഷിക്കാന്‍ സാധിക്കൂ. തകര്‍ന്ന വാഹനത്തില്‍നിന്ന് അവരെ പുറത്തെടുക്കാന്‍ വൈകുന്നതനുസരിച്ച് അപകടത്തിന്റെ തീവ്രതയും വര്‍ധിക്കുന്നു.
ഇടിച്ചുതകര്‍ന്ന വാഹനത്തില്‍നിന്ന് ആളുകളെ എങ്ങനെ പെട്ടെന്ന് പുറത്തെടുക്കാം എന്നതായിരുന്നു ഈ ഡ്രോപ്പ് ടെസ്റ്റിലൂടെ പരീക്ഷിച്ചതെന്നും കമ്ബനി പറയുന്നു. പഴയ കാറുകളില്‍ നിന്നും ഏറെ വ്യത്യസ്തമാണ് ആധുനിക കാറുകളിലെ സാങ്കേതിക വിദ്യകളെന്നും ഇവ അപകടത്തില്‍പ്പെടുമ്പോഴത്തെ മാറ്റങ്ങള്‍ കൃത്യമായി അറിയാനാണ് പുതിയ കാറുകള്‍ തന്നെ ഉപയോഗിച്ചതെന്നും വോള്‍വോ വ്യക്തമാക്കി.വര്‍ഷങ്ങളായി സ്വീഡിഷ് രക്ഷാപ്രവര്‍ത്തകരുമായി സഹകരിച്ച് കമ്പനി പ്രവര്‍ത്തിക്കുന്നതായും എല്ലാവര്‍ക്കും സുരക്ഷിതമായ ഗതാഗതം എന്നതാണ് ലക്ഷ്യമെന്നും വോള്‍വോ കാര്‍സ് ട്രാഫിക് ആക്‌സിഡന്‍റ് റിസര്‍ച്ച് ടീമിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന് ഹേക്കന്‍ ഗുസ്താഫ്‌സണ്‍ പറഞ്ഞു.